Monday, June 16, 2008

ദശാവതാരം-ഒരു റിവ്യൂ



വളരെ പ്രതീക്ഷയോടെ നാം കാത്തിരുന്ന ഒരു സിനിമയാണു കമല്‍ ഹാസന്റെ ദശാവതാരം. പത്തു വ്യതസ്ത വേഷങ്ങളില്‍ കമല്‍ കഴിവു തെളിയിച്ച ഈ ചലച്ഛിത്രം എന്തു കൊണ്ടു വ്യത്യസ്തമാകുന്നു എന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണിവിടെ.
ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും അമേരിക്കയിലാണ്‌. ഡോ.ഗോവിന്ദ്‌ രാമസ്വാമി(കമല്‍ ഹാസന്‍) എന്ന ശാസ്ത്രജ്ഞന്റെ വാക്കുകളിലൂടെ നാം കേള്‍ക്കുന്ന ഈ കഥ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഏം. കരുണാനിധി, അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌, ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ എന്നിവര്‍ സന്നിഹിതരായിട്ടുള്ള സദസ്സിലാണ്‌ പറയപ്പെടുന്നത്‌. അതേ വേദിയില്‍ തന്നെ വൈഷ്ണവരുടെ ആരാധനാമൂര്‍ത്തിയായ ഗോവിന്ദരാജ പെരുമാളുടെ വിഗ്രഹവും കാണാം. ഈ വിഗ്രഹവും പറയപ്പെടുന്ന കഥയും തമ്മിലുള്ള ബന്ധം നമ്മെ പന്ത്രണ്ടാം നൂറ്റാണ്ടിലേക്കു നയിക്കുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ശൈവ ഭക്തനായ ചോള രാജാവ്‌ തന്റെ സാമ്രാജ്യത്തിലുള്ള വിഷ്ണു വിഗ്രഹങ്ങളെല്ലാം നശിപ്പിക്കാന്‍ തീരുമാനിക്കുന്നു(തമിഴ്‌നാട്ടില്‍ ഇന്നും വൈഷ്ണവ-ശൈവ കലഹങ്ങള്‍ നടക്കാറുണ്ട്‌. പറഞ്ഞു കേള്‍ക്കുന്നതില്‍ രസകരമായ ഒരു കഥ പറയാം. മധുരയിലെ ഒരു ക്ഷേത്രത്തില്‍ ഒരു ആനയെ വാങ്ങി. ഈ സമയത്ത്‌ അവിടെ വലിയ ഒരു കലഹം നടന്നു. കാരണം ലളിതമായിരുന്നു-ഈ ആനയെ ശൈവരുടെ രീതിയില്‍ ഭസ്മം കൊണ്ടു മൂന്നു കുറി തൊടണമോ, അതോ വൈഷ്ണവരുടെ രീതിയില്‍ തിലകം ചാര്‍ത്തണോ എന്ന്). ഉലകമെങ്ങും പഞ്ചാക്ഷരീമന്ത്രം മുഴങ്ങണമെന്നഗ്രഹിച്ച ചോളമന്നന്‍ അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു വൈഷ്ണവോന്മൂലനം. ഇതിനെ തടയുന്ന വൈഷ്ണവ ഭക്തനായ രംഗരാജ നംബി(കമല്‍ ഹാസന്‍) എന്ന ബ്രാഹ്മണനെ രാജാവ്‌ ആ വിഗ്രഹത്തോടൊപ്പം കടലില്‍ താഴ്ത്തുന്നു. ശൈവ-വൈഷ്ണവ വൈരത്തെയും ചോളരാജവാഴ്ചയെയും നയന മനോഹരമായും സാങ്കേതികത്തികവോടു കൂടിയും ചിത്രീകരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളത്‌ സ്ത്യുത്യര്‍ഹമാണ്‌. ഭര്‍ത്താവിന്‌ മരണം വിധിക്കുന്ന രാജാവിനു നേരെ സ്വന്തം താലിമാല പറിച്ചെറിഞ്ഞ്‌ ചോള മണ്ഡപത്തില്‍ തല തല്ലി മരണം വരിക്കുന്ന 'കോത'യും ഒരു ശക്തമായ കഥാപാത്രം തന്നെ. വിഷ്ണു വിഗ്രഹം നശിപ്പിച്ചതു കൊണ്ട്‌ ചോളരാജാവിന്‌ ഗുണവുമുണ്ടായില്ല, പകരം വൈഷ്ണവോന്മൂലനം ചെറുത്തതു കൊണ്ടു രംഗരാജ നംബിക്ക്‌ മരണവുമുണ്ടായി എന്ന്‌ (നാസ്തികനായ) കമല്‍ ഹാസന്റെ വാക്കുകളിലൂടെ നാം കേള്‍ക്കുന്നു.
കഥ വീണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍. മനുഷ്യരാശിയെത്തന്നെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള ജൈവായുധങ്ങള്‍ നിര്‍മ്മിക്കുന്ന അമേരിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഗോവിന്ദ്‌ രാമസ്വാമിയും കൂട്ടരും വിനാശകാരിയായ ഒരു വൈറസിനെ നിര്‍മ്മിക്കുന്നു. ടണ്‍ കണക്കിന്‌ ഉപ്പ്‌ കൊണ്ടു മാത്രം നിര്‍വീര്യമാക്കാവുന്ന ഒന്ന്. ഇത്തരം ജൈവായുധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌.ഡബ്ലു.ബുഷ്‌(കമല്‍ ഹാസന്‍ തന്നെയാണ്‌ ഈ വേഷവും ചെയ്യുന്നത്‌) കോടിക്കണക്കിനു ഡോളറിന്റെ സഹായവും നല്‍കി വന്നിരുന്നു. ഈ ആയുധങ്ങള്‍ ദുഷ്ടശക്തികള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും അതിനെ തടയുന്ന നായകനുമാണ്‌ കഥയെ മുന്‍പോട്ടു നയിക്കുന്നത്‌. ഈ വൈറസിനെ സൂക്ഷിച്ചിരിക്കുന്നത്‌ ഒരു പ്രത്യേക സംവിധാനത്തിലാണ്‌. അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ വരുന്ന ഇത്‌ ഒരു ഘട്ടത്തില്‍ സൂക്ഷിക്കപ്പെടുന്നത്‌ മുന്‍പ്‌ പറഞ്ഞ ഗോവിന്ദരാജ വിഗ്രഹത്തിനുള്ളിലാണ്‌.
ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍ എന്ന മുന്‍ CIA ചാരനും, ബല്‍റാം നായിഡു എന്ന തെലുങ്ക്‌ RAW അന്വേഷണ ഉദ്യോഗസ്തനും, അഗ്രഹാരത്തിലെ കൃഷ്ണവേണി എന്ന പാട്ടിയും, അവതാര്‍ സിംഗ്‌ എന്ന പോപ്‌ ഗായകനും, ഖലീഫുള്ള മുക്താര്‍ എന്ന ഇസ്ലാമും, ഷിങ്ങെന്‍ നരഹാസി എന്ന ജാപ്പനീസ്‌ ഫൈറ്റ്‌ മാസ്റ്ററുമെല്ലാം കമല്‍ ഹാസന്‍ തന്നെ എന്നു വിശ്വസിക്കാന്‍ നന്നെ പാടുപെടേണ്ടി വരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യതസ്തവും ശ്രദ്ധയാകര്‍ഷിക്കുന്നതും ശക്തവുമായ മറ്റൊരു കഥാപാത്രമാണ്‌ വിന്‍സെന്റ്‌ ഭൂവരഗന്‍ എന്ന ദലിത്‌ നേതാവ്‌. കമല്‍ തന്നെ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ആദര്‍ശവാനും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്നവനുമാണ്‌.
2004 ഡിസംബര്‍ 22-ന്‌ തുടങ്ങുന്ന കഥ അവസാനിക്കുന്നത്‌ 26-നാണ്‌. കിസ്റ്റ്യന്‍ ഫ്ലെച്ചര്‍ എന്ന അധമന്‍ തുറന്നു വിടുന്ന വൈറസിനെ നശിപ്പിക്കാനെന്നോണം അടുത്ത നിമിഷത്തില്‍ മാനം മുട്ടെ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിച്ചു. ആയിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപഹരിച്ച സുനാമിയുടെ രൂപത്തില്‍ ദൈവം കോടിക്കണക്കിനു മനുഷ്യരെ വൈറസ്‌ മൂലമുണ്ടാവുന്ന മരണത്തില്‍ നിന്നും രക്ഷിച്ചു എന്നു സിനിമയില്‍ ഈശ്വരവിശ്വാസികള്‍ വിശ്വസിക്കുന്നു. ഏന്നാല്‍, എന്തിനു മനുഷ്യനു ചിന്തിക്കാനുള്ള കഴിവും, ഇത്തരം മാരകമായ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ബുദ്ധിയും ദൈവം കൊടുത്തു എന്നും , എന്തിനു ബുഷിനെപ്പോലെയുള്ള ആളുകള്‍ക്ക്‌ ഇത്രയും ഭീമമായ തുക ഈ ആയുധങ്ങള്‍ക്കു വേണ്ടി ചിലവിടാന്‍ തോന്നിപ്പിക്കുന്നു എന്നും മറുവിഭാഗം പ്രതിരോധിക്കുന്നു.
എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന്‌, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്‌, സംഭവിക്കാന്‍ പോകുന്നതും നല്ലതിന്‌ എന്ന സന്ദേശം നല്‍കിക്കൊണ്ട്‌ കഥ പൂര്‍ണ്ണമാകുന്നു.

Thursday, December 13, 2007

ഹരി ശ്രീ ഗണപതായേ നമ:

പഞ്ചാരക്കുന്നിന്റെ ചോട്ടിലിരുന്നൊരു കുഞ്ഞനുറുംബു കരഞ്ഞു..
ഒരു കുഞ്ഞനുറുംബു കരഞ്ഞു..
എത്ര ചെറുതാണീ എന്റെ വായ,
എത്ര ചെറുതാണീയെന്റെ വയര്‍...
-കുഞ്ഞുണ്ണി മാഷ്‌.

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ കടമെടുത്ത്‌ എന്നെയും എന്റെ ബ്ലോഗിനെയും ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തട്ടെ. അഭീഷ്ടങ്ങളെ ജയിക്കുന്നവന്‍ എന്നാണ്‌ എന്റെ പേരിന്റെ അര്‍ത്ഥം. ഇതാ എന്റെ ഒരു ആഗ്രഹം കൂടി സാധിച്ചിരിക്കുന്നു. ഈശ്വരനു നന്ദി...!